arpith
അർപ്പിത് എം. മാരാർ

പെരുമ്പാവൂർ: ചോൽക്കാഴ്ചയിൽ വിസ്മയം തീർത്ത് പതിനൊന്നുകാരൻ അർപ്പിത് എം. മാരാർ. മലയാളഭാഷാ കാവ്യസഞ്ചയത്തിലെ ഒട്ടനവധി ശ്ലോകങ്ങൾ ചെറുപ്രായത്തിലേ മനഃപാഠമാക്കി അവതരിപ്പിക്കുകയാണ് ഈ മിടുക്കൻ. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും കീർത്തനശ്ലോകങ്ങളും അനായാസമായും മധുരതരമായും ആലപിക്കും. കൂവപ്പടി അയ്മുറി ശിവക്ഷേത്രത്തിനു സമീപം 'കവിതാഞ്ജലി"യിൽ കെ.പി. മണിക്കുട്ടന്റെയും ടി.എം. സരിതയുടെയും ഏകമകനാണ് സംസ്ഥാനതലത്തിൽ തന്നെ അറിയപ്പെടുന്ന ഈ അക്ഷരശ്ലോക പ്രതിഭ. മത്സരവേദികളിൽ പങ്കെടുക്കുക മാത്രമല്ല നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് പെരുമ്പാവൂർ അമൃത വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അർപ്പിത്. 7 വയസ് മുതൽ അക്ഷരശ്ലോകത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രം ഡയറക്ടർ പൊന്നക്കുടം മോഹനൻ നായരാണ് ഗുരു. ഗുരുവായൂരിൽ നടന്ന പൂന്താനം കാവ്യാലാപന മത്സരത്തിൽ യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം, സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തിൽ സംസ്കൃത പദ്യപാരായണത്തിൽ 'എ' ഗ്രേ‌ഡും നേടിയിട്ടുണ്ട്. കൊച്ചിൻ ഷിപ്പ് യാർഡ് ഓൾ കേരള ചിൽഡ്രൻസ് ഫെസ്റ്റിവെലിൽ മലയാള പദ്യപാരായണത്തിന് രണ്ടാം സ്ഥാനം, എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ മത്സരത്തിൽ ഓവറോൾ നേട്ടം, തൃപ്പൂണിത്തുറ സംസ്കൃത സദസിൽ സംസ്കൃത പദ്യപാരായണത്തിൽ മൂന്നാം സ്ഥാനം, 2024ൽ ചേലാമറ്റം ക്ഷേത്രത്തിൽ നടന്ന രാമായണപാരായണ മത്സരത്തിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം, പെരുമ്പാവൂരിൽ മഹിളാ സമന്വയവേദി സംഘടിപ്പിച്ച രാമായണപാരായണത്തിലും രാമായണ പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങൾ ഈ കൊച്ചുപ്രതിഭ കൈവരിച്ചിട്ടുണ്ട്.