കൊച്ചി: എറണാകുളം റെയിൽവേ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത മോഷ്ടാക്കൾ പിടിയിലായത് ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ മോഷണ പരമ്പര നടത്താനുള്ള ഒരുക്കത്തിനിടെ. ശനിയാഴ്ച വൈകിട്ട് ആറന്മുളയ്ക്ക് സമീപം ഇടയാറന്മുളയിലെ വാടകവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത കോതമംഗലം നെല്ലിക്കുഴി സ്വദേശി ഫൈസൽ അലിയെയും തൊടുപുഴ കുമ്പക്കല്ല് സ്വദേശി നിസാർ സിദ്ധിഖിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഉത്രട്ടാതി വള്ളംകളിയുമായി ബന്ധപ്പെട്ട തിരക്കിനിടെ ആറന്മുളയിലും പരിസരത്തും വീടുകളിൽ കവർച്ച നടത്താൻ ഇരുവരും പദ്ധതിയിട്ടതായി റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ് പറഞ്ഞു. ഇതിനായി കരുതിയ കൂട്ടിച്ചേർത്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള കമ്പിപ്പാരയുൾപ്പെടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
26 കവർച്ചാക്കേസുകളിൽ പ്രതിയായ നിസാർ സിദ്ധിക്കാണ് നിർമ്മാണത്തൊഴിലാളികൾ എന്ന പേരിൽ മൂന്നുമാസം മുമ്പാണ് ഇടയാറന്മുളയിൽ വീടെടുത്തത്.
വയനാട്, തൃശൂർ, കോഴിക്കോട്, കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ എട്ട് മോഷണക്കേസുകളിൽ പ്രതിയാണ് ഫൈസൽ. നിസാറിന് കോയമ്പത്തൂർ, കോട്ടയം, ആലപ്പുഴ, തൃശൂർ, കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ മോഷണക്കേസുകളുണ്ട്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച നടന്ന മൊബൈൽമോഷണ കേസിലെ അന്വേഷണമാണ് പ്രതികളെ കുടുക്കിയതെന്ന് എസ്.ഐ ഇ.കെ.അനിൽകുമാർ അറിയിച്ചു. നിരവധി ലാപ്ടോപ്പുകളും ടാബുകളും സ്മാർട്ട് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു.