msc-elsa-3

കൊച്ചി: ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിയ ഭാഗത്ത് നിന്ന് കണ്ടെത്തിയ അടിഭാഗം പൊളിഞ്ഞ കണ്ടെയ്‌നർ ആശങ്ക ഉയർത്തുന്നു. കാർഗോലിസ്റ്റ് പ്രകാരം പോളി പ്രൊപ്പിലീൻ എന്ന രാസവസ്തു ഉണ്ടായിരുന്ന കണ്ടെയ്‌നറാണിത്. ഇത് കടലിൽ കലർന്നിട്ടുണ്ടാകുമെന്ന് കരുതുന്നു. വ്യാഴാഴ്ച വൈകിട്ട് കായംകുളത്തിന് സമീപമാണ് കണ്ടെയ്‌നർ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ദ്ധരാണ് അടിഭാഗം തകർന്ന നിലയിലാണെന്ന് വ്യക്തമാക്കിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വിവരങ്ങൾ ശേഖരിച്ചു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പലായ എൽസ 3 മേയ് 24 ഉച്ചയ്ക്ക് 1.25നാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്‌നറുകൾ മാറ്റാൻ എം.എസ്.സി കമ്പനി മറ്റൊരുകപ്പൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 450ടൺ ഇന്ധനവും കണ്ടെയ്‌നറുകളുമാണ് കപ്പലിന്റെ ടാങ്കിലുള്ളത്. ഈമാസം ഇന്ധനം വീണ്ടെടുക്കലാണ് ലക്ഷ്യം.