കൊച്ചി: നാണക്കേടുകൊണ്ട് തലകുനിക്കേണ്ടിവരുന്ന അവസ്ഥയിൽ നിന്ന് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയെ കരകയറ്റുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. മുമ്പ് എം.എൽ.എയായിരുന്നപ്പോൾ ഹൈബി ഈഡൻ എം.പി പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടിയും ടി.ജെ. വിനോദ് എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നുള്ള 60ലക്ഷംരൂപയും ചെലവഴിച്ച് എറണാകുളം ബോട്ട് ജെട്ടിയിൽ പണി പൂർത്തിയാക്കിയ ജലഗതാഗത വകുപ്പിന്റെ റീജിയണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാരിക്കാമുറിയിൽ 20കോടി രൂപ ചെലവിൽ പുതിയ ഡിപ്പോയും ബസ് സ്റ്റേഷനും നിർമ്മിക്കും. സംസ്ഥാന സർക്കാർ 15കോടിരൂയും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ 5കോടിരൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ പഴയ ഡിപ്പോ സ്വകാര്യ സംരംഭകർക്ക് കൈമാറാനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പൊയെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വരുന്ന വിമർശനങ്ങളും ട്രോളുകളും ശ്രദ്ധേയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ധനമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് 10മുതൽ 15കോടിരൂപ വരെ അനുവദിക്കാമെന്ന് പറഞ്ഞത്. അതോടൊപ്പം കൊച്ചി മെട്രോ എം.ഡി. ലോക് നാഥ് ബഹ്രയും 5 കോടി നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് വിനിയോഗിച്ച് എത്രയുംവേഗം ഡിപ്പോയുടെ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി. മേയർ അഡ്വ.എം.അനിൽകുമാർ, ഡെപ്യൂട്ടി മേയർ അൻസിയ, കൗൺസിലർമാരായ ആന്റണി കൂരീത്തറ, ടി.കെ.അഷറഫ്, പദ്മജ എസ്.മേനോൻ, സീന എന്നിവർ സംബന്ധിച്ചു. ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ സ്വാഗതം പറഞ്ഞു.