കൂത്താട്ടുകുളം: ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ), ഐ.സി.എം.ആർ, ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രമായ ശ്രീധരിയം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത ആരോഗ്യഗവേഷണ പദ്ധതിയുടെ ചർച്ച കൂത്താട്ടുകുളത്ത് ഇന്ന് നടക്കും. ഐ.സി.എം.ആർ ഡയറക്ടർ ഡോ. മോനഡഗ്ഗൾ, സംസ്ഥാന ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ കെ.ഗോപാൽ, ലോകാരോഗ്യ സംഘടന പ്രതിനിധികളായ ഡോ.ഗീത കൃഷ്ണൻ, ഡോ.വിനയ് ഗോയൽ, ഡോ. പവൻ കെ.ഗോദധർ, ഡോ. രാജേശ്വരി സിംഗ്, ആയുഷ്, എൻ. എച്ച്.എം പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
രാവിലെ ഒമ്പതിന് ശ്രീധരീയം സമുച്ചയത്തിലെത്തുന്ന പ്രതിനിധിസംഘത്തെ ശ്രീധരീയം ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി വൈസ്ചെയർമാൻ ഹരി എൻ.നമ്പൂതിരി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് പി. നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരി എന്നിവർ സ്വീകരിക്കും. ശ്രീധരീയം നടത്തുന്ന നേത്രരോഗവും പ്രമേഹചികിത്സയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ വിജയകരമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിനിധി സംഘമെത്തുന്നതെന്ന് ഡോ. ശ്രീകാന്ത് പി.നമ്പൂതിരി അറിയിച്ചു.