കൊച്ചി: ലൈംഗിക പീ‌‌ഡനക്കേസിലെ പരാതിക്കാരിയായ യുവ ഡോക്ടറും റാപ്പർ വേടനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പൊലീസ്. കേസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പലപ്പോഴായി 31,000 രൂപയും 8,500 രൂപയുടെ ട്രെയിൻ ടിക്കറ്റും താൻ വേടന് നൽകിയിട്ടുണ്ടെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകളും കൈമാറിയിരുന്നു. ഈ കാര്യങ്ങളാണ് പൊലീസ് സ്ഥിരീകരിച്ചത്. കേസ് എടുത്തതിന് പിന്നാലെ വേടൻ ഒളിവിലാണ്. കൊച്ചി ബോൾഗാട്ടി പാലസിൽ കഴിഞ്ഞ ദിവസം ഓളം ലൈവ് എന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചിരുന്നു.

കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി.