കൊച്ചി: മറൈൻഡ്രൈവിലെ ഇന്ദിര പ്രിയദർശിനി ചിൽഡ്രൻസ് പാർക്കും അനുബന്ധ സ്ഥാപനങ്ങളും ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പാർക്കിന്റെ ദൈനംദിന ഭരണച്ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. 25 കൊല്ലമായി സ്വതന്ത്രസംഘടന കൈവശം വച്ചിരിക്കുന്ന പാർക്കിന്റെ ഭരണച്ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംസ്ഥാന ശിശുക്ഷേമ സമിതി ഹൈക്കോടതിയെ സമീച്ചിരുന്നു.
ശിശുക്ഷേമസമിതിയുടെ പേരിലാണ് സംഘടനയും പ്രവർത്തിച്ചിരുന്നത്. സംഘടന സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ശിശുക്ഷേമ സമിതിക്ക് ഭരണച്ചുമതല നൽകണമെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ ആവശ്യം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും പരിഗണിച്ച് ഭരണച്ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി ജൂലായ് 23ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഇന്നലെ കളക്ട്രേറ്റിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി താക്കോലും മറ്റ് രേഖകളും സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറി.
ഒരു മാസത്തിനുള്ളിൽ ചിൽഡ്രൻസ് പാർക്കിനോട് അനുബന്ധിച്ച് കുട്ടികളുടെ തിയേറ്ററും കെയർ സെന്ററും പ്രവർത്തന സജ്ജമാകുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺഗോപി അറിയിച്ചു