കൊച്ചി: എറണാകുളം ക്ലബ് ഹൗസ് റോഡിലെ കളക്ടർ ബംഗ്ലാവിൽ നിന്ന് ഇറങ്ങി വന്ന വാഹനം തൊട്ടടുത്ത് ഉന്തുവണ്ടിയിലെ ചായക്കടയ്ക്ക് സമീപം അൽപ്പം നേരെ നിന്നു. കൂടി നിന്നവരെ അതിശയപ്പെടുത്തി വാഹനത്തിൽ നിന്ന് ഇറങ്ങിയ മുൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് കടക്കാരൻ ചിന്നനോട് യാത്ര പറഞ്ഞു. കളക്ടറായി കൊച്ചിയിലെത്തിയത് മുതൽ ചിന്നനോട് ദിനവും സൗഹൃദ പങ്കുവയ്ക്കാറുള്ള കളക്ടറുടെ മടക്കം ചിന്നനെ കണ്ണീരണിയിച്ചു.

ഡർബാർ ഹാൾ ഗ്രൗണ്ടിന് പിന്നിൽ കളക്ടർ ബംഗ്ലാവിന് എതിർവശത്ത് ഉന്തുവണ്ടിയിൽ ചായക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശിയാണ് ചിന്നൻ എന്ന ചിന്നദുരൈ.

ഇന്നലെ വൈകിട്ടാണ് ഉമേഷ് നേരിട്ട് ചിന്നന്റെ കടയിലെത്തിയത്. മുൻ കളക്ടർ പതിവായി ചിന്നന്റെ ചായ വീട്ടിലേക്ക് വരുത്തി കുടിക്കാറുണ്ടായിരുന്നു.

ചെറുപ്പത്തിൽ എറണാകുളത്തെത്തിയ ചിന്നൻ, രാവിലെയും വൈകിട്ടും ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തിയാണ് കുടുംബം പുലർത്തുന്നത്. ഇതിനിടയിൽ ലോട്ടറി വില്പനയും നടത്താറുണ്ട്. ഭാര്യയും മകനും ഭാര്യയുടെ സഹോദരനുമൊപ്പം ഗാന്ധിനഗറിലെ വാടക വീട്ടിലാണ് താമസം.

പതിവായി കച്ചവടം ചെയ്യുന്ന സ്ഥലത്ത് നിന്ന് ഉന്തുവണ്ടി മാറ്റണമെന്ന് നിർദ്ദേശം വപ്പോൾ സഹായം തേടിയാണ് ചിന്നൻ ആദ്യമായി കളക്ടറായിരുന്ന ഉമേഷിനെ കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ കേട്ടറിഞ്ഞ ഉമേഷ് വിഷയത്തിൽ ഇടപെട്ടതോടെ സൗഹൃദമാരംഭിച്ചു.

ഉമേഷിന്റെ സ്ഥലംമാറ്റം അറിഞ്ഞ ചിന്നൻ രണ്ട് ദിവസം മുമ്പ് മകനോടൊപ്പം ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് ഒരുമിച്ച് ഒരു ഫോട്ടോയെടുക്കണമെന്ന ചിന്നന്റെ ആഗ്രഹവും ഉമേഷ് നിറവേറ്റി. എന്നാൽ ഇന്നലെ കടയിൽ വച്ച് ഫോട്ടോയെടുക്കാൻ ഇരുവരും മറന്നു.

 കൊച്ചി നഗരസഭ ആദരിച്ചു
കൊച്ചി: മുൻ കളക്ടർ എൻ.എസ്.കെ ഉമേഷിനെ ആദരിച്ച് നഗരസഭ. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ കെ.എ .അൻസിയ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി,ടി.ജെ വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എ. ഷക്കീർ, സി.ഡി വൽസലകുമാരി, ടി.കെ. അഷ്രഫ്, സീന, മാലിനി കുറുപ്പ്, വി.എ. ശ്രീജിത്ത്, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, മെട്രോ പോളിറ്റൻ കമ്മിറ്റി ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ് എന്നിവർ ആശംസകൾ അർപ്പിച്ചു.