കൊച്ചി: ഗാർഹിക പീഡനവും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരതയും മഹാവിപത്താണെന്നും ഇത് ഒരു വെല്ലുവിളിയായി എടുത്ത് മാറ്റത്തിനായി പ്രവർത്തിക്കണമെന്നും കേരള ലീഗൽ സർവീസസ് അതോറിട്ടി എക്‌സിക്യുട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

സ്വകാര്യതയെ മാനിച്ച് പലരും കോടതികളിൽ പോകാൻ മടിക്കുകയാണ്. അതിന് ഫാമിലി കൗൺസലർമാരും സന്നദ്ധസംഘടനകളും സഹായിക്കണം. ആർക്കോവേണ്ടി, ആരെയൊക്കെയോ കാണിക്കാനായി വിവാഹം ആർഭാടത്തിനും അപ്പുറമായി ധൂർത്തിന്റെ കൊട്ടിഘോഷമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ, ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് എറണാകുളം ചാപ്റ്റർ, സി.സി.പി.ആർ.എ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാർഹിക പീഡനത്തിനെതിരായ സെമിനാറും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ശാരദാ മോഹൻ, സിനിമാതാരം ജോളി ചിറയത്ത്, ലിഡാ ജേക്കബ്, ജ്യോതി നാരായണൻ, മേഴ്‌സി അലക്‌സാണ്ടർ, ആർ. പാർവതി ദേവി, പ്രൊഫ. നീന ജോസഫ്, അഡ്വ. സന്ധ്യാ രാജു, പ്രൊഫ. ടി.ജി. അജിത, കെ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.