mrd

മരട്: മദ്യലഹരിയിൽ കാറോടിച്ച് കുണ്ടന്നൂർ ജംഗ്ഷനിലെ തട്ടുകടയ്ക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ആളപായമില്ല. സംഭവത്തിൽ, തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കൊല്ലം അഞ്ചൽ സ്വദേശി മഹേഷിനെയും ഒപ്പമുണ്ടായിരുന്ന സഹോദരിയെയും സുഹൃത്തായ പെൺകുട്ടിയെയും നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

തട്ടുകടയിൽ നല്ല തിരക്കുള്ള സമയത്താണ് മഹേഷ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. കാറിൽ നിന്ന് പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ലഹരിയിൽ കാലുറപ്പിക്കാൻ കഴിയാതെ നിന്ന മഹേഷ് നാട്ടുകാരെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. പിന്നീട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് മഹേഷിനെതിരെ മരട് പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.