ആലുവ: കല്യാണത്തലേന്ന് കോൽകളിക്കിടെ കുഴഞ്ഞുവീണ് മരിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവ് എം.എം. അലി (57)ക്ക് എടയപ്പുറം ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
തുരുത്തിലെ ഒരു കല്യാണ വീട്ടിൽ സനാന കോൽകളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിലാണ് മുസ്ലീംലീഗ് എടയപ്പുറം ശാഖാ വൈസ് പ്രസിഡന്റ് എടയപ്പുറം മാനാടത്ത് എം.എം. അലി കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സനാന കോൽക്കളി സംഘത്തിലെ സജീവ പ്രവർത്തകനായിരുന്നു.
എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ മുഹമ്മദിന്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ്. ഭാര്യ: മാജിത (മുടിക്കൽ മൂക്കട കുടുംബാംഗം). മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ.