കൂത്താട്ടുകുളം: മഹാത്മാഗാന്ധി സർവകലാശാല മലയാള സാഹിത്യ വിഭാഗത്തിൽ നിന്ന് 'ശ്രീ നാരായണ ഗുരുദേവന്റെ സൗന്ദര്യ ദർശനം: തിരഞ്ഞെടുത്ത കൃതികളെ മുൻനിർത്തിയുള്ള സാംസ്‌കാരികാപഗ്രഥനം "എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സ്നേഹാ ബാലനെ എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, യൂണിയൻ കൗൺസിലർമാരായ എം.പി. ദിവാകരൻ, പി.എം. മനോജ്, തിരുമാറാടി ശാഖ പ്രസിഡന്റ് പി.കെ. സുധാകരൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് സുജ സന്തോഷ്, കേന്ദ്ര സമിതി അംഗം മിനി ശിവരാജൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അജേഷ് വിജയൻ എന്നിവർ സ്നേഹയുടെ വീട്ടിലെത്തി പൊന്നാടയണിയിക്കുകയും മെമന്റോ നൽകുകയും ചെയ്തു.
ആത്മീയ പ്രഭാഷണ രംഗത്ത് സജീവമായ സ്നേഹ പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ അതിഥി അദ്ധ്യാപികയാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് 'നാരായണഗുരുവിന്റെ ജാതിസങ്കൽപം "എന്ന വിഷയത്തിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ആരക്കുഴ ആച്ചക്കോട്ടിൽ വീട്ടിൽ പരേതനായ എ.കെ. ബാലന്റെയും മണിയുടെയും മകളും തിരുമാറാടി കിഴക്കേക്കര വീട്ടിൽ ദിനേഷ് കെ. സഹദേവന്റെ( കൃഷി ഭവൻ, മഞ്ഞള്ളൂർ) ഭാര്യയുമാണ്. മക്കൾ: ദേവബാല, ദേവ രാഗ്.