kanjavu

ആലുവ: ആലുവയിൽ 17 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ബുട്ടു മണ്ഡൽ (32), ലാലൻ മണ്ഡൽ (35), അഷറഫ് മണ്ഡൽ (20) എന്നിവരെയാണ് ആലുവ പൊലീസ് തോട്ടുമുഖത്ത് നിന്ന് പിന്തുടർന്ന് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് തോട്ടുമുഖം - എടയപ്പുറം റോഡിൽ കല്ലുങ്കൽ ബിൽഡിംഗിൽ നിന്ന് ശനിയാഴ്ച രാത്രിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡിഷയിൽ കിലോ 2000 - 3000 രൂപ നിരക്കിൽ വാങ്ങി കേരളത്തിലെത്തിച്ച് 30,000 രൂപ നിരക്കിലാണ് വിൽപ്പന. പാലക്കാട് നിന്ന് വാഹനത്തിൽ ആലുവയിലേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അങ്കമാലിയിൽ നിന്ന് എം.സി റോഡിലൂടെ മാറമ്പിള്ളി വഴിയാണ് തോട്ടമുഖത്തെത്തിയത്. സാഹസികമായി ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഒഡിഷയിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവർ. ആവശ്യക്കാർക്ക് കേരളത്തിൽ എത്തിച്ച് വൈകാതെ തിരിച്ചു പോകും. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ, ബി.എം. ചിത്തുജി, സുജോ ജോർജ് ആൻ്റണി, എ.എസ്.ഐ കെ.എ. നവാബ്, കെ.കെ. സുരേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.