road

കാക്കനാട്: ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ തൃക്കാക്കര പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ് കുഴികളായി കിടന്നിരുന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ബസ് കയറാൻ നിൽക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിച്ചിരുന്നത് പതിവായിരുന്നു. 'കേരളകൗമുദി' യിൽ ഇത് സംബന്ധിച്ച വാർത്ത വന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡിന്റെ പണി ആരംഭിച്ചത്.

നിലവിൽ ടാർ റോഡ് പൊളിച്ച് മാറ്റി പകരം ടൈൽ വിരിക്കുന്ന പണിയാണ് നടക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനിൽ റോഡിലെ കുഴികൾ കാരണം വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല. റോഡിലെ കുഴികൾ നികത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

മഴ മാറി നിന്നാൽ ഒരാഴ്ചയ്ക്കകം റോഡ് നന്നാക്കുമെന്നും ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പൈപ്പ് ലൈൻ ജംഗ്ഷൻ, തൃക്കാക്കര അമ്പലത്തിന്റെ മുൻവശം, ജഡ്ജിമുക്ക്, വള്ളത്തോൾ ജംഗ്ഷൻ എന്നീ ഭാഗങ്ങളിലാണ് അറ്റകുറ്റപ്പുകൾ നടത്തുന്നതെന്നും 10 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.

റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നിലവിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായത്. രണ്ട് ദിവസത്തിനുള്ളിൽ പൈപ്പ്‌ലൈൻ ജങ്ഷനിലെ റോഡിന്റെ പണി പൂർത്തിയാകും

ടി.ജി. ദിനൂപ്

വാർഡ് കൗൺസിലർ