ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളത്തിനായി നാട്ടുകാർ ബുദ്ധിമുട്ടുമ്പോഴും ശുദ്ധജലപൈപ്പ് പൊട്ടി വെള്ളംപാഴാകുന്നു. നാലാംവാർഡിൽ ജയശ്രീ ജംഗ്ഷന് സമീപമുള്ള റെയിൽവേസ്റ്റേഷൻ റോഡിൽ ജലവകുപ്പിന്റെ പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി. കൈത്തറി സഹകരണസംഘത്തിന് മുൻവശമുള്ള ജലഅതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നരമാസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. മണ്ണിനടിയിൽനിന്ന് പൊട്ടിയ പൈപ്പിൽനിന്ന് ശക്തിയായി വെള്ളം റോഡിലേക്ക് കുത്തിയൊഴുകുകയാണ്. പൈപ്പ് പൊട്ടിയതിനാൽ വെള്ളം റോഡിലൂടെ ഒലിച്ച് റെയിൽവേ സ്റ്റേഷൻ റോഡ് തോടായാണ് വെള്ളം ഒഴുകിപ്പോകുന്നത്.
ബസ് കാത്തുനിൽപ്പുകേന്ദ്രത്തിൽ നിൽക്കുന്നവർക്ക് പൈപ്പിൽനിന്നു റോഡരികിലൂടെ എത്തുന്ന വെള്ളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുടിവെള്ളം ഒലിച്ചുപോകുന്ന സ്ഥലത്ത് വെള്ളവും ചെളിയും കെട്ടിനിൽക്കുകയാണ്.
സ്ഥിതി ഗുരുതരം
1ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ പല സ്ഥലങ്ങളും ഉയർന്ന പ്രദേശങ്ങൾ ആയതിനാൽ മഴക്കാലത്തുപോലും കടുത്ത കുടിവെള്ളക്ഷാമമാണ്. ഇതിനിടെയാണ് വെള്ളം പാഴായിപ്പോകുന്നത്.
2 നിലവിൽ മേഖലയിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് പൈപ്പുവെള്ളം ലഭിക്കുന്നത്.
3 പൈപ്പുകൾ പലേടത്തും പൊട്ടിക്കിടക്കുന്നതിനാൽ വീടുകളിൽ ചെറിയ തോതിലാണ് കുടിവെള്ളം എത്തുന്നത്.
4 കരാർ എടുത്തിട്ടുള്ളവർ സമയത്ത് അറ്റകുറ്റപ്പണി ചെയ്യാത്തതാണ് കുടിവെള്ളം പാഴാകുന്നതിന് ഇടയാക്കുന്നത്.
പഞ്ചായത്തിലെ പല ഭാഗങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം നഷ്ടപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. അടിയന്തരമായി പൈപ്പുകൾ നന്നാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
ടി. കെ. മോഹനൻ
സി.പി.എം നേതാവ്
കരാറുകാർക്ക് ജല അതോറിട്ടി പണം നൽകാത്തതിനാൽ. പണികൾ നിറുത്തിവച്ചിരിക്കുകയാണ്.
ശ്രീജിത്ത് ലാൽ
കരാറുകാരൻ