stadiam
കാട് മൂടിക്കിടക്കുന്ന ഊന്നുകല്ലിലെ മിനി സ്റ്റേഡിയം

കോതമംഗലം: ഊന്നുകല്ലിലെ കവളങ്ങാട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം കാടുമൂടി ഉപയോഗശൂന്യമായ അവസ്ഥയിലായിട്ട് കാലമേറെയാകുന്നു. അധികാരികളുടെ അവഗണനയും നിസംഗതയുമാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. ഗ്രാമപഞ്ചായത്തിൽ പൊതുവായി ഉപയോഗിക്കാവുന്ന ഏക ഗ്രൗണ്ടിനാണ് ഈ ദുർഗതി. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഇവിടെ മിനി സ്റ്റേഡിയം നിർമ്മിച്ചത്. ഇതിനായി കണ്ടെത്തിയത് ശരിയായ സ്ഥലമല്ലെന്ന് വിമർശനം അന്നേ ഉയർന്നിരുന്നു. വയൽ നികത്തിയ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. അതിനാൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. വേനൽക്കാലത്ത് ഫുട്ബാളും ക്രിക്കറ്റുമടക്കം കളിക്കാൻ യുവാക്കൾ എത്തുമായിരുന്നു. കേരളോത്സവം ഉൾപ്പെടെ വിവിധ കായിക - കലാ മേളകൾക്കുള്ള വേദിയുമായിട്ടുണ്ട് ഇവിടം. എന്നാൽ ഏതാനും വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാതെയായി. ഇപ്പോൾ മുട്ടോളം കാടാണ്. പെരുമ്പാമ്പ് അടുക്കമുള്ള ഇഴജന്തുക്കളുടെ ആവാസ്ഥ കേന്ദ്രമായി ഇവിടം മാറി. ഗ്രൗണ്ടിലിറങ്ങാൻ തന്നെ ആർക്കും ഭയമാകും.

മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാത്ത വിധം സ്റ്റേഡിയം പുനർനിർമ്മിക്കണം. ഇതിന് സ്റ്റേഡിയം മണ്ണിട്ട് ഉയർത്തണം. ഗ്രാമപഞ്ചായത്തിൽ മാറിമാറി വന്ന പല ഭരണസമിതികളും ഇതേക്കുറിച്ച് ആലോചിച്ചെങ്കിലും നടപ്പായില്ല. ഇക്കാര്യം നടപ്പാക്കിയാൽ യുവാക്കളെയടക്കം സ്റ്റേഡിയത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയും.

ഊന്നുകല്ലിൽ ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ഏറെ വികസന സാദ്ധ്യതയുള്ള ഇടത്ത് സ്റ്റേഡിയം ദേശീയ പാതയോട് ചേർന്ന്. സ്പോർട്ട്സ് കോംപ്ലക്സ് ഇവിടെ സ്ഥാപിക്കാൻ പ്രോജക്ട് തയ്യാറാക്കുകയും കേന്ദ്ര പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. സെവൻസ് ഗ്രൗണ്ട്, ഗ്യാലറി, വാക്ക് വേ എന്നിവയ്ക്ക് പുറമെ ഒരു ഷോപ്പിംഗ് കോംപ്ലക്സ് കൂടി ഉൾപ്പെടുന്നതായിരുന്നു പ്രോജക്ട്. ഈ പദ്ധതിയും ഒരു സ്വപ്നമായി മാറി.

ഇപ്പോഴത്തെ ഭരണസമിതിയുടെ തുടക്കത്തിൽ കേന്ദ്ര പദ്ധതി പ്രകാരമുള്ള സ്പോർട്ട്സ് കോംപ്ലക്സ് യാഥാർത്ഥ്യമാക്കാൻ എല്ലാ ശ്രമവും നടത്തിയിരുന്നു. സ്ഥലം സംബന്ധിച്ച സാങ്കേതിക തടസം നീക്കിയെടുക്കുന്നതിനുള്ള ഇടപെടലിന് തുടർച്ച ഉണ്ടാകാതിരുന്നതാണ് തിരിച്ചടിയായത്. വലിയൊരു സാദ്ധ്യതയാണ് ഇതുമൂലം നഷ്ടപ്പെട്ടത്

സൈജന്റ് ചാക്കോ

മുൻ പ്രസിഡന്റ്

ഗ്രാമപഞ്ചായത്ത്

സ്റ്റേഡിയം ഇപ്പോൾ സമീപവാസികളുടെ കാലിമേയ്ക്കൽ കേന്ദ്രമാണ്. ഇവിടെ മാലിന്യവും നിക്ഷേപിക്കുന്നുണ്ട്. സ്റ്റേഡിയം പ്രയോജനപ്രദമാക്കി നാടിന് സമർപ്പിക്കാൻ ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടൽ വേണം.

ജോഷി കുര്യാക്കോസ്

പൊതു പ്രവർത്തകൻ