കൊച്ചി: ഷെയർ ട്രേഡിംഗിലുണ്ടായ ഭീമമായ നഷ്ടത്തിൽ മനംനൊന്ത് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോടനാട് കുറ്റിച്ചിലക്കോട് അമ്മുപ്പിള്ളി വീട്ടിൽ വിജയന്റെ മകൻ വിഷ്ണു കുമാറി (35) നെ ജൂലായ് 30നാണ് എറണാകുളം കണ്ടെയ്‌നർ റോഡിൽ കാറിനുള്ളിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ച രാവിലെ മരിച്ചു.
എം.ബി.എ ബിരുദധാരിയായ വിഷ്ണു കുമാർ കുറച്ചുനാൾ വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തി ഷെയർ ട്രേഡിംഗിൽ സജീവമാവുകയായിരുന്നു. വലിയ നിക്ഷേപം നടത്തിയിരുന്നതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയിലായതോടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ എഴുതിവച്ചശേഷം കാറുമായി എറണാകുളത്തേക്ക് പുറപ്പെട്ടു. കണ്ടെയ്‌നർ റോഡരികിൽ വച്ച് കോളയിൽ വിഷം കലർത്തി കുടിക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻ പൊലീസിനെ അറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ വിഷ്ണു കുമാർ കണ്ടെയ്‌നർ റോഡ് പരിസരത്തുണ്ടെന്ന് കണ്ടെത്തി. മുളവുകാട് പൊലീസ് പാഞ്ഞെത്തി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മോശമായതിനാൽ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അവിവാഹിതനാണ്. മാതാവ്: ബീന. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. സംസ്‌കാരം ഇന്നലെ മുണ്ടങ്ങാമറ്റം ശ്മശാനത്തിൽ നടത്തി. വിഷ്ണുകുമാറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിക്കുമെന്നും സൈബർ തട്ടിപ്പിന്റെ ഇരയാണോയെന്ന് അന്വേഷിക്കുമെന്നും മുളവുകാട് എസ്.എച്ച്.ഒ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.