sanskrit
സൗത്ത്ചിറ്റൂർ സെന്റ്‌മേരീസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ സംസ്‌കൃതഭാഷാ പ്രചാരണത്തിനായി വ്യാപാരസ്ഥാപനങ്ങളിൽ എത്തിയപ്പോൾ

* സൗത്ത്ചിറ്റൂർ സെന്റ്‌മേരീസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സംസ്‌കൃതവുമായി ജനമദ്ധ്യത്തിലേക്കിറങ്ങിയത്

കൊച്ചി: കടകളിലും സർക്കാർ സ്ഥാപനങ്ങളിലും സംസ്‌കൃതം പറഞ്ഞും പഠിപ്പിച്ചും സ്‌കൂൾ വിദ്യാർത്ഥികൾ. നിത്യജീവിതത്തിലെ ആവശ്യങ്ങളും സംഭാഷണശകലങ്ങളും കുട്ടികൾ സംസ്‌കൃതത്തിൽ പറയുന്നത് നാട്ടുകാർക്ക് നവ്യാനുഭവമായി.

സൗത്ത്ചിറ്റൂർ സെന്റ്‌മേരീസ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സംസ്‌കൃത ഭാഷയ്ക്കായി ജനമദ്ധ്യത്തിലേക്കിറങ്ങിയത്. ശ്രാവണപൂർണിമ സംസ്‌കൃത ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. സ്‌കൂൾ പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടക്കാരോടും സാധനങ്ങൾ വാങ്ങാൻ എത്തിയവരോടും സംസ്കൃതത്തിൽ കാര്യങ്ങൾ പറഞ്ഞു. പല സംസ്കൃതവാക്കുകളും നിത്യജീവിതത്തിൽ പറയുന്നതും കേൾക്കുന്നതും ആണല്ലോ എന്ന് പലരും മനസിൽ ഓർത്തുപോയി.

ചേരാനല്ലൂർ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരോട് സംസ്‌കൃതത്തിൽ സംവദിച്ച കുട്ടികൾ നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്ന വാചകങ്ങൾ അവരെക്കൊണ്ട് പറയിപ്പിച്ചാണ് മടങ്ങിയത്. പൊതുസ്ഥലങ്ങളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തി.

സംസ്‌കൃതത്തിൽ തയ്യാറാക്കിയ പോസ്റ്ററുകളുമായിട്ടായിരുന്നു കുട്ടികളുടെ വരവ്.

സംസ്‌കൃതത്തിലെ ചെറിയ വാചകങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികൾ അവതരിപ്പിച്ച റീലുകൾക്കും സമൂഹമാദ്ധ്യമത്തിൽ വലിയ സ്വീകാര്യത കിട്ടി. സ്‌കൂൾ അസംബ്ലിയിൽ സംസ്കൃതം ഉപയോഗിച്ചതും ഭാഷാറാലി നടത്തിയതും കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു. സംസ്‌കൃത അദ്ധ്യാപകൻ അഭിലാഷ് ടി. പ്രതാപാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.