പെരുമ്പാവൂർ: അമിത വേഗം ചോദ്യം ചെയ്ത വയോധികർക്ക് നേരെ വിദ്യാർത്ഥികൾ അതിക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ലൈസൻസും ഹെൽമറ്റും ഇല്ലാതെ രണ്ട് ബൈക്കുകളിലെത്തിയ പതിനാറും പതിനേഴും വയസുള്ള വിദ്യാർത്ഥികളാണ് വയോധികരെ ആക്രമിച്ചത്. എന്നാൽ വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന സ്കൂൾ അധികൃതരുടെ പരാതിയിൽ വയോധികരെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കീഴില്ലം മിൽമ സൊസൈറ്റിയിലേയ്ക്ക് പാൽ നൽകാൻ എത്തിയ വയോധികരെയാണ് സെന്റ് തോമസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചത്. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെയും വിദ്യാർത്ഥികൾ അതിക്രമം അഴിച്ചുവിട്ടു. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരുക്കേറ്റ എം.ടി. ചാക്കോ മാറാച്ചേരി, രാജു മനയത്തുകുടി എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കീഴില്ലം മിൽമ ഡയറക്ടർ ബോർഡ് അംഗം കൂടിയായ എം.ടി ചാക്കോ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഭാരവാഹികളായ ജോയ് മനയത്തുകുടി, ലിജിൻ മത്തായി, റെജി പാനാക്കര, എൽദോസ് കൊറ്റിക്കൽ എന്നിവർ അറിയിച്ചു. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ ജോയ് പതിക്കൽ മോട്ടോർ വാഹനവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.