കിഴക്കമ്പലം: അനധികൃത സാമ്പത്തിക ഇടപാടുകളെ തുടർന്ന് പട്ടിമറ്റം ചേലക്കുളം കണിച്ചേരിക്കുടി തച്ചയിൽ സാലിം കെ. മുഹമ്മദിനെ (26) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി പലിശയ്ക്ക് പണം കൊടുക്കുന്നത് സംബന്ധിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പലിശയ്ക്ക് പണം നൽകി തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി പേരുടെ സ്ഥലം എഴുതിവാങ്ങിയതായി പരാതിയുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ചേലക്കുളത്ത് പണം തിരികെ നൽകാത്ത മൂന്നു പേരുടെ വസ്തു ഇയാൾ കോടതി വഴി അറ്റാച്ച് ചെയ്ത രേഖകളും കണ്ടെടുത്തിട്ടുണ്ട്. ചേലക്കുളം മനാഫിയ ജംഗ്ഷനിലെ വീട്ടിലെ കിടപ്പുമുറിയൽ രഹസ്യ അറയിലാണ് രേഖകൾ സൂക്ഷിച്ചിരുന്നത്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറിയാണ് സാലിം. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.