raco
നഗരത്തിലെ ഗുരുതരമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ റാക്കോ നേതൃത്വം കടവന്ത്ര വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധസമരം മുൻ കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അഞ്ചുദിവസത്തിലേറെയായി കുടിവെള്ളംകിട്ടാതെ ദുരിതത്തിൽ വലയുന്ന കൊച്ചി നിവാസികളുടെ ബുദ്ധിമുട്ട് അവസാനിക്കാൻ ഈആഴ്ച അവസാനംവരെ കാത്തിരിക്കണം. ഞായറാഴ്ച സിറ്റി ബൂസ്റ്റിംഗ് നടന്നെങ്കിലും കാര്യമുണ്ടായില്ല. ഇതേത്തുടർന്ന് വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് ഇന്നലെ കുടിവെള്ളമെത്തിയത്. പമ്പിംഗ് സമയത്ത് മുമ്പത്തേപ്പോലെ വെള്ളമൊഴുക്കിന് ശക്തിയുമില്ല.

കൊച്ചി ഡിവിഷന്റെ കീഴിൽ കലൂർ, വൈറ്റില, പള്ളിമുക്ക്, കരുവേലിപ്പടി എന്നീ സബ് ഡിവിഷനുകളിലായി കൊച്ചി, കലൂർ, വൈറ്റില, തമ്മനം, ചമ്പക്കര, പൂണിത്തുറ, തൈക്കൂടം തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളംമുടങ്ങി ജനങ്ങൾ വലഞ്ഞത്. ആശ്രമം ലെയ്ൻ, ആസാദ് ലെയ്ൻ, വൈലോപ്പിള്ളി ലെയ്ൻ, മണപ്പാട്ടിപ്പറമ്പ്, വട്ടപ്പറമ്പ് ലെയ്ൻ, എറണാകുളം മാർക്കറ്റ് എന്നിവിടങ്ങളിലും 10 ദിവസത്തോളമായി കുടിവെള്ളം കിട്ടാക്കനിയാണെന്ന് ആളുകൾ വ്യക്തമാക്കുന്നു.

ഇന്ന് നടക്കുന്ന സിറ്റി ബൂസ്റ്റിംഗോടെ പമ്പിംഗിൽ വ്യത്യാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. വെള്ളി, ശനി ദിവസങ്ങളിലായി കുടിവെള്ളവിതരണം പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടർ അതോറിട്ടി അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ വാട്ടർ അതോറിട്ടി ജീവനക്കാർ കുടിവെള്ളക്ഷാമം നേരിടുന്ന ഇടങ്ങളിലെല്ലാം പരിശോധന നടത്തി.


* പ്രതിഷേധം ശക്തം

കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടവന്ത്ര വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ടാങ്കർലോറിയിൽ വെള്ളമടിച്ചാണ് ജനങ്ങൾ പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചത്. ഇത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിച്ചിരിക്കുകയാണെന്നും വാട്ടർ അതോറിട്ടിയും നഗരസഭയും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും പ്രതിഷേധക്കൂട്ടായ്മ ചൂണ്ടിക്കാട്ടി. നഗരസഭ മുൻ കൗൺസിലർ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, നഗരസഭ കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, സുജാ ലോനപ്പൻ, രജനി മണി, വിവിധ സംഘടന ഭാരവാഹികളായ, നോബർട്ട് അടിമുറി, പി. രംഗദാസ പ്രഭു, പി.വി. അതികായകൻ എന്നിവർ സംസാരിച്ചു.

കുടിവെള്ള ക്ഷാമത്തിന് കാരണം

1 ആലുവ ജല ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ

2 കളമശേരി വിടാക്കുഴി കവലയ്ക്ക് സമീപം മുതലക്കുഴിയിലെ പൈപ്പ് പൊട്ടൽ