മൂവാറ്റുപുഴ: നഗരമദ്ധ്യത്തിൽ കച്ചേരിത്താഴത്ത് രണ്ട് വർഷം മുമ്പ് ഇടിഞ്ഞ് താഴ്ന്ന റോഡിൽവീണ്ടും ആഴമേറിയഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ വിദ്യാർത്ഥികളുമായി വന്ന സ്വകാര്യ സ്‌കൂൾ വാഹനത്തിന്റെ ഒരു ടയർ പകുതിയോളം ഗർത്തത്തിൽ താഴ്ന്നു. വാഹനത്തിന്റെ മുൻഭാഗം റോഡിൽ ഇടിച്ചാണ് നിന്നത്. വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് മറ്റൊരു വാഹനം വരുത്തി വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിച്ചു. അഞ്ച് മീറ്ററോളം താഴ്ചയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
2022 ആഗസ്റ്റിൽ ഇതേ സ്ഥലത്ത് റോഡ് ഇടിഞ്ഞു താഴ്ന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിദഗ്ദ്ധ സംഘമെത്തി മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി ജി.എസ്.ബി മിശ്രിതം ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് കുഴി അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് മുകളിലായി റീ ടാറിംഗും നടത്തി.
അരനൂറ്റാണ്ട് മുമ്പ് അടിത്തട്ടിൽ മണ്ണലും മണ്ണും ഉൾപ്പെടെ നിക്ഷേപിച്ച് ഉയർത്തിയാണ് അപ്രോച്ച് റോഡ് നിർമ്മാണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഓടയും നിർമിച്ചിരുന്നു. മൂവാറ്റുപുഴയാറിലേക്കാണ് ഓട എത്തിച്ചേരുന്നത്.
അടിത്തട്ടിലെ മണ്ണ് ഇളകിയതാണ് റോഡ് വീണ്ടും ഇടിഞ്ഞുതാഴാൻ കാരണമെന്ന് അധികൃതർ.
പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി റോഡിന്റെ ഇടിഞ്ഞ ഭാഗം പരിശോധിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. പ്രധാന ബസ് സ്റ്റോപ്പും ഇതിന് സമീപത്താണ്. വൻ അപകട സാദ്ധ്യത നിലനിൽക്കുമ്പോഴും സർക്കാരോ പൊതുമരാമത്ത് വകുപ്പോ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന റോഡ് പണി ഉടൻ പൂർത്തിയാക്കണം. വലിയൊരു അപകടത്തിൽ നിന്നാണ് സ്‌കൂൾ കുട്ടികൾ രക്ഷപ്പെട്ടത്. രണ്ട് വർഷം മുമ്പ് സമാന അവസ്ഥയിൽ ഇവിടെ നടത്തിയ അറ്റകുറ്റപ്പണിയിലെ അഴിമതിയും ധൂർത്തും അന്വേഷിക്കണം.
ടി. ചന്ദ്രൻ
മണ്ഡലം പ്രസിഡന്റ്
ബി.ജെ.പി
കച്ചേരിത്താഴത്ത് പാലത്തിന്സമീപം രൂപംകൊണ്ട ഗർത്തം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റും.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് പാർട്ടി കത്ത് നൽകി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പരിശോധനയും യോഗവും ഇന്ന് നടക്കും
അഡ്വ. അനീഷ് എം. മാത്യു
ഏരിയ സെക്രട്ടറി
സി.പി.എം