edayar
കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറിൽ നിർമ്മിക്കുന്ന ബയോപാർക്കിന് മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നടത്തുന്നു

ആലുവ: അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുമായി കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറിൽ 1.4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ബയോപാർക്കിന് മന്ത്രി പി. രാജീവ് ശിലാസ്ഥാപനം നടത്തി.

ബയോ പാർക്കും എം.സി.എഫും നിർമ്മിക്കുന്നതിന് മന്ത്രി പി. രാജീവും മുൻ ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും ഇടപെടലിൽ അഞ്ച് കോടി രൂപ വില മതിയ്ക്കുന്ന ഒരേക്കർ സ്ഥലം എടയാർ വ്യവസായ മേഖലയിൽ പെരിയാർ തീരത്ത് നേരത്തെ അനുവദിച്ചിരുന്നു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, അംഗങ്ങളായ പി.എ. അബൂബക്കർ, ട്രീസാ മോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സലിം, ഓമന ശിവശങ്കരൻ, ആർ. ശ്രീരാജ്, എം.കെ. ബാബു, കെ.എം. മുഹമ്മദ് അൻവർ, ആർ. പ്രജിത, പി.ജെ. ലിജിഷ, ഉഷാദാസൻ, വി.കെ. ശിവൻ, കെ.എൻ. രാജീവ്, ടി.ബി. ജമാൽ, പഞ്ചായത്ത് സെക്രട്ടറി ജോസ് ഷിനോയ് തുടങ്ങിയവർ സംസാരിച്ചു.

ബയോ പാർക്കിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനും കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ ഡയപ്പറുകളും മൂത്രസഞ്ചി ഉൾപ്പെടെയുള്ളവയും സംസ്കരിക്കുന്നതിനും പുകയില്ലാത്ത ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയും പഞ്ചായത്ത് നടപ്പാക്കുമെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അറിയിച്ചു.