വൈപ്പിൻ: നായരമ്പലം നെടുങ്ങാട് ഹെർബർട്ട് പാലം അപ്രോച്ച് റോഡ് പൊളിഞ്ഞ് കിടന്നത് റിപ്പയർ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും മൗനം പാലിച്ച പൊതുമരാമത്ത് വകുപ്പ് ഇന്നലെ നാട്ടുകാർ പണി ഏറ്റെടുക്കാൻ തീരുമാനിച്ചപ്പോൾ ഉടൻ രംഗത്തെത്തി പണി നടത്തി. നെടുങ്ങാട് ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ അപ്രോച്ച് റോഡ് റിപ്പയർ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യമറിഞ്ഞതോടെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം കരാറുകാരനെ സംഘടിപ്പിച്ച് ഇന്നലെ രാവിലെ തന്നെ സ്ഥലത്തെത്തി പണി നടത്തി. എൻ.എഫ്.എ അംഗം സെബാസ്റ്റ്യൻ മങ്കുഴിയും ഗ്രാമ പഞ്ചായത്ത് അംഗം ബിനിലും എൻ.എഫ്.എ.പ്രവർത്തകരും സഹായത്തിനായി രംഗത്തുണ്ടായിരുന്നു.