കാലടി : ബിരുദ വിദ്യാഭ്യാസത്തിന് ശേഷം എല്ലാവർക്കും സൈനിക പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കാലടി ശ്രീശാരദ സൈനിക് സ്കൂളിൽ നടന്ന ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സിലെ മികച്ച കേഡറ്റുകൾക്കുള്ള രാജ്യ പുരസ്കാർ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സൈനിക പരിശീലനം ലഭിച്ചവർക്ക് മാത്രമേ സർക്കാർ ജോലി നൽകാവു എന്നും അദ്ദേഹം പറഞ്ഞു. ഇത് നടപ്പാക്കിയാൽ പഹൽഗാം പോലുള്ള ഭീകരാക്രമണം ഒരിക്കലും ആവർത്തിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും ഒരു പോലെ ഭാരത മാതാവിന്റെ പാദങ്ങളിൽ വണങ്ങണമെന്നും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാൻ യുവാക്കളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്.എസ്.ജി. സംസ്ഥാന കൺവീനർ എം.അബ്ദുൾ നാസർ, സംസ്ഥാന സെക്രട്ടറി എം. ജവഹർ, സി.ബി.എസ്.ഇ റീജിണൽ ഓഫീസർ രാജിബ് ബർവ, ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ശ്രീശാരദ സൈനിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ, എച്ച്.എസ്.ജി നാഷണൽ ഓർഗനൈസിംഗ് കമ്മീഷണർ കെ.എസ്. ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തു.