കൊച്ചി: സംസ്ഥാനത്തെ മൾട്ടിപ്ലക്‌സുകളിലും തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഏഴംഗ സമിതിയെ നിയമിച്ചെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമിതിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിയിക്കാനും സർക്കാർ ഉത്തരവിന്റെ പകർപ്പ് ഹാജരാക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ടോയെന്ന് അറിയിക്കുകയും വേണം. വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്നും വിവിധ തലങ്ങളിൽ ചർച്ച ആവശ്യമാണെന്നും സർക്കാർ ബോധിപ്പിച്ചു.
ബന്ധപ്പെട്ടവരുമായി സമിതി ചർച്ച നടത്തണമെന്നായിരുന്നു മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ആവശ്യം. ഹർജി 14ന് വീണ്ടും പരിഗണിക്കും.
സിനിമ ടിക്കറ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കോട്ടയം തിരുവാർപ്പ് സ്വദേശി ജി. മനു നായരാണ് ഹർജി നൽകിയത്.