• പൗരാണിക മന്ദിരങ്ങൾ അതേപോലെ പുനർനിർമ്മിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ പൗരാണികമായ ഉ‌ൗട്ടുപുരയും അനുബന്ധ കെട്ടിടങ്ങളും അതീവ ദുർബലാവസ്ഥയിലാണെന്നത് കണക്കിലെടുത്ത് അടിയന്തരമായി നവീകരണ നടപടികൾ ആരംഭിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഉ‌ൗട്ടുപുര, നമസ്കാരമണ്ഡപം, പാത്തിപ്പുര, ആനപ്പന്തൽ, പടിഞ്ഞാറേ തട്ടുമാളിക, കുളപ്പുര എന്നീ മന്ദിരങ്ങൾ അടിയന്തരമായി പുനരുദ്ധരിക്കേണ്ടതാണെന്ന് ദേവസ്വവും ഇവ അതീവ ദുർബലാവസ്ഥയിലാണെന്ന് ഇടക്കാലകമ്മിഷനും റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടങ്ങളുടെ പൗരാണികത നിലനിറുത്തി ഇത്തരം ജോലികൾക്ക് അംഗീകൃതമായ ആർക്കിടെക്ടുമാരെ നിയോഗിച്ച് പുതിയ എസ്റ്റിമേറ്റ് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഉത്തരവിൽ നിർദ്ദേശി​ച്ചിട്ടുണ്ട്.

സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ദേവസ്വംബോർഡ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആധുനിക നിർമ്മിതികൾ ഒന്നുംതന്നെ ഇല്ലാതെ പഴമ നിലനിറുത്തിവേണം പുനരുദ്ധാരണത്തിന്റെ ആശയമെന്ന് ആർക്കിടെക്ടുമാർക്ക് ബോദ്ധ്യംവേണം.

ഉ‌ൗട്ടുപുര പുനരുദ്ധാരണത്തിന് 2023 ജനുവരിയിൽ 1.36കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. പണികളൊന്നും തുടങ്ങിയിട്ടുമില്ല. ഇനി ഈ എസ്റ്റിമേറ്റ് അപര്യാപ്തമാണ്. ദേവസ്വം കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ കെട്ടിടങ്ങളുടെ ചിത്രങ്ങൾപ്രകാരം പൗരാണിക മന്ദിരങ്ങളുടെ അവസ്ഥ പരമദയനീയവും ഞെട്ടിക്കുന്നതുമാണ്. ഓടുകൾ തകർന്ന നിലയിൽ, കഴുക്കോലുകൾ ഉ‌ൗരിപ്പോയി, കെട്ടിടങ്ങൾ കാടുകയറി, മേൽക്കൂരകളിൽ വള്ളിപ്പടർപ്പുകൾ നിറഞ്ഞെന്നും ഡിവിഷൻബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.