പിറവം: കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പുതിയതായി സ്ഥാപിച്ച ഡോ. എൻ.പി. പി നമ്പൂതിരി മെമ്മോറിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ആയുർവേദമെന്ന് ഗവർണർ പറഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപകരുടെ സ്മാരകങ്ങളിൽ ശ്രീധരീയം ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ ഹരി നമ്പൂതിരി ശ്രീധരീയത്തിന്റെ ചരിത്രം പരിചയപ്പെടുത്തി. മാനേജിംഗ് ഡയറക്ടർ എൻ. പരമേശ്വരൻ നമ്പൂതിരി മെമെന്റോകൾ കൈമാറി. ചീഫ് ഫിസിഷ്യൻ ഡോ. എൻ.നാരായണൻ നമ്പൂതിരി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.ശ്രീകാന്ത് സംസാരിച്ചു.
ബ്ലോക്കിന്റെ താഴത്തെ നിലയിൽ ഔട്ട്‌പേഷ്യന്റ് വിഭാഗം, ഒപ്‌ടോമെട്രി ലാബ്, ഫാർമസി, പ്രൊസീജ്യർ മുറികൾ, സ്‌പെഷ്യൽ കൺസൾട്ടേഷൻ മുറികൾ, മീറ്റിംഗ് മുറികൾ, പരിശീലന സംവിധാനങ്ങൾ എന്നിവയും രണ്ടാമത്തെ നിലയിൽ ആധുനിക സൗകര്യങ്ങളുള്ള 80 മുറികളും അടിത്തട്ടിൽ കോർപ്പറേറ്റ് ഓഫീസുമാണുള്ളത്.