പറവൂർ: മന്ത്രി പി. രാജീവ് കളമശേരി നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന മന്ത്രിക്കൊപ്പം ഒരു മണിക്കൂർ പബ്ളിക് സ്ക്വയർ മുഖാമുഖം ആലങ്ങാട് പഞ്ചായത്തിൽ പൂർത്തിയാക്കി. നീറിക്കോട്, കോട്ടപ്പുറം, തിരുവാല്ലൂർ, ചിറയം, കൊങ്ങോർപ്പിള്ളി, കരിങ്ങാംതുരുത്ത് എന്നിവടങ്ങളിലാണ് മുഖാമുഖം നടന്നത്. നൂറു കണക്കിന് പേരുടെ നിർദ്ദേശങ്ങൾ ലഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നും അടുത്ത ഒരു വർഷത്തേക്കുള്ള വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനങ്ങൾ നൽകിയ അഭിപ്രായങ്ങൾക്കായിരിക്കും മുഖ്യപരിഗണനയെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ്, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, ജയകൃഷ്ണൻ, എം.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.