neela

കൊച്ചി: പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954ൽ ഒരുക്കിയ ക്ലാസിക് മലയാള ചിത്രമായ നീലക്കുയിൽ സിനിമയുടെ നവീകരിച്ച പതിപ്പ് സിനിമാപ്രേമികൾക്ക് കാണാൻ അവസരം. കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നാഷണൽ ഫിലിം ആർക്കൈവ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വേദിയൊരുങ്ങുന്നത്. ആഗസ്റ്റ് 18 ന് വൈകുന്നേരം 5 മണിക്ക് എറണാകുളം സൗത്ത് കാരിക്കാമുറി ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിലാണ് പ്രദർശനം.

വിവിധഭാഷകളിലെ ക്ളാസിക് സിനിമകൾ എൻ.എഫ്.ഡി.സി. എൻ.എഫ്.എ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നീലക്കുയിലിനെയും തിരഞ്ഞെടുത്തത്. 4കെ ഡി.സി.പി വിഷ്വൽ ക്വാളിറ്റിയിലാണ് ഈ സിനിമയും തയ്യാറാക്കിയത്. ഒരു ഷോ മാത്രമാണ് ഉണ്ടാവുക. ഫിലിംസൊസൈറ്റി അംഗങ്ങൾക്ക് വേണ്ടിയാണ് പ്രദർശനമെങ്കിലും സീറ്റൊഴിവ് അനുസരിച്ച് മറ്റുള്ളവരെയും അനുവദിക്കുമെന്ന് കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി.എ.ബാലചന്ദ്രൻ പറഞ്ഞു. വിവരങ്ങൾക്ക് : 9496334492