ആലുവ: ബി.ജെ.പി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ഒ.ജി. തങ്കപ്പന്റെ 17-ാമത് അനുസ്മരണത്തോടനുബന്ധിച്ച് ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഒ.ജി. തങ്കപ്പൻ സ്മാരക പുരസ്‌കാരം നീന്തൽ പരിശീലകൻ സജി വാളശേരിക്ക് സമ്മാനിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ വൈകിട്ട് ആറിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുങ്ങല്ലൂർ ശ്രീ ശങ്കര ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. രാമൻപിള്ള പുരസ്‌കാരം സമ്മാനിക്കും. വൈകിട്ട് ഏഴിന് 'ഇന്ത്യാവിഭജനത്തിന്റെ ഭീകര ദിനം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.

പറവൂർ കവലയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്ന് രാവിലെ ഒമ്പതിന് എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജനറൽ കൺവീനർ എം.എം. ഉല്ലാസ് കുമാർ, ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ഷാജി മൂത്തേടൻ, ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർ എന്നിവർ സംസാരിച്ചു.