നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഗോൾഫ് ക്ലബിൽ നിന്ന് തുടങ്ങി കുണ്ടോളി പാടശേഖരത്തിലൂടെ കൈതക്കാട്ട് ചിറയിൽ അവസാനിക്കുന്ന പെരുന്തോട് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തം. കനത്ത മഴയിൽ തോട് നിറഞ്ഞുകവിഞ്ഞ് ഏക്കർ കണക്കിന് കൃഷി നശിക്കുന്നത് കർഷകർക്ക് വലിയ ദുരിതമുണ്ടാക്കുന്നു.
ഗോൾഫ് കോഴ്‌സിനകത്ത് തോടിന് വീതിയും ആഴവും കൂടുതലുണ്ട്. എന്നാൽ ആവണംകോട് കുണ്ടോളി പാടശേഖരത്തിലേക്ക് എത്തുമ്പോൾ തോടിന്റെ വീതിയും ആഴവും കുറയുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം. നിലവിൽ 150 മീറ്റർ നീളത്തിൽ കല്ലുകെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ആഴവും വീതിയുമില്ല. കൈതക്കാട്ട് ചിറയിലേക്ക് എത്തുന്ന ബാക്കി ഭാഗം കല്ലുകെട്ടി സംരക്ഷിക്കാത്തതിനാൽ തീരം ഇടിഞ്ഞും കാടുകയറിയും നീരൊഴുക്ക് തടസപ്പെടുന്നു.
കർഷകർക്ക് കണ്ണീർ
കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വലിയ കൃഷിനാശം സംഭവിച്ചിരുന്നു. വെള്ളം കയറിയത് കാരണം നെൽകൃഷിയും വാഴ, കപ്പ, ജാതി തുടങ്ങിയവയും നശിച്ചു. ബാങ്ക് വായ്പയെടുത്തും സ്ഥലം പണയപ്പെടുത്തിയുമാണ് കർഷകർ കൃഷി ചെയ്യുന്നത്. മഴ കാരണം കൃഷി നശിക്കുമ്പോൾ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ ദുരിതത്തിലാകുന്നത് ഇവിടെ പതിവാണ്. ഗോൾഫ് കോഴ്‌സിനുള്ളിലുള്ള തോടിന്റെ അതേ വീതിയിലും ആഴത്തിലും ബാക്കി ഭാഗങ്ങളും പുനർനിർമ്മിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
സിയാലിന് നിവേദനം നൽകി
നെടുമ്പാശേരി വിമാനത്താവളത്തിന്റെ കീഴിലുള്ള ഗോൾഫ് ക്ലബിൽ നിന്നാരംഭിക്കുന്ന പെരുന്തോട് പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം ആലുവ ഏരിയാ കമ്മിറ്റി സിയാലിന് നിവേദനം സമർപ്പിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം പി.വി. തോമസ്, ഏരിയാ സെക്രട്ടറി പി.ജെ. അനിൽ, അംഗങ്ങളായ കെ.വി. ഷാലി, എം. സുദീപ് എന്നിവരാണ് എയർപോർട്ട് ഡയറക്ടർ മനു ഗോപാലകൃഷ്ണ പിള്ളക്ക് നിവേദനം നൽകിയത്.