public-tap-
പറവൂർ നഗരത്തിലെ കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ളസിലിൽ നിലനിറുത്തിയ കുടിവെള്ള പൊതുടാപ്പ്

പറവൂർ: പറവൂർ നഗരത്തിലെ എല്ലാ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന അമൃത് പദ്ധതി പൂർത്തിയായി. ആയിരത്തിലധികം വീടുകൾക്ക് പദ്ധതിയിൽ സൗജന്യ കണക്ഷൻ നൽകി. ഇതിന്റെ ഭാഗമായി നഗരത്തിലെ പൊതുടാപ്പുകൾ നീക്കം ചെയ്യുന്നതും പൂർത്തിയാകുന്നു. നഗരസഭക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് പൊതുടാപ്പുകൾ. 80 ശതമാനം പൊതുടാപ്പുകളിൽ നിന്ന് ആരും കുടിവെള്ളം ശേഖരിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ, വാട്ടർ അതോറിട്ടി, റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജോയിന്റ് ഇൻസ്പെക്ഷൻ നടത്തി ആവശ്യമില്ലാത്ത പൊതുടാപ്പുകൾ നീക്കം ചെയ്യാൻ തിരുമാനിച്ചത്. ഇതിന് നഗരസഭ കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു.

പറവൂർ നഗരത്തിൽ പത്ത് വർഷം മുമ്പ് ഉണ്ടായിരുന്നത് 427 പൊതുടാപ്പുകൾ.

151 ടാപ്പുകൾ മൂന്ന് വർഷം മുമ്പ് നീക്കം ചെയ്തു.

ബാക്കിയുള്ള 276 ടാപ്പുകളിൽ 224 ടാപ്പുകളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്.

പൊതുഇടങ്ങളിലെ 52 ടാപ്പുകളാണ് നിലനിർത്തുന്നത്.

ഒരു ടാപ്പ് നീക്കം ചെയ്യുന്നതിന് വാട്ടർ അതോറിട്ടിക്ക് നഗരസഭ 1,050 രൂപ നൽകണം.

2023 ഫെബ്രുവരിയിൽ വെള്ളക്കരം വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഒരു പൊതുടാപ്പിന് 6,500 രൂപയായിരുന്നു. ഇപ്പോൾ ഒരു പൊതുടാപ്പിന് 22,500 രൂപയാണ്.

വെള്ളക്കരം ഇനത്തിൽ 10 കോടിയിലധികം രൂപ വാട്ടർ അതോറിട്ടിക്ക് പറവൂർ നഗരസഭ കുടിശികയുണ്ട്.

അമൃത് പദ്ധതിയിൽ പറവൂർ നഗരസഭയിൽ പത്ത് കോടി രൂപയിലധികം തുക കുടിവെള്ള സംവിധാനം കാര്യക്ഷമാക്കുന്നതിന് ചെലവഴിച്ചു.

ഇതിൽ 50 ശതമാനം കേന്ദ്ര സർക്കാരിന്റെയും 35 ശതമാനം സംസ്ഥാന സർക്കാരിന്റെയും 15 ശതമാനം നഗരസഭയുടെയും വിഹിതമാണ്.

നഗരത്തിൽ കുടിവെള്ളം മുടങ്ങാതിരിക്കാൻ പുതിയ വാൽവുകൾ സ്ഥാപിച്ചു.

 പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, പുതിയ പൈപ്പ് ലൈൻ എന്നിവയ്ക്കും തുക ചെലവഴിച്ചു

ഒക്ടോബർ മാസത്തിനുള്ളിൽ പുതിയ വീടുകൾക്കും കുടിവെള്ള കണക്ഷൻ സൗജന്യമായി നൽകും. ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. 224 പൊതുടാപ്പുകൾ നീക്കം ചെയ്യുന്നതോടെ നഗരസഭയ്ക്ക് ഒരു മാസം 50ലക്ഷം രൂപയിലധികം ലാഭിക്കാനാകും

ബീന ശശിധരൻ,

ചെയർപേഴ്സൺ

പറവൂർ നഗരസഭ