കൊച്ചി: തദ്ദേശീയ ജനവിഭാഗത്തെ കാലത്തിനൊത്ത് കൈപിടിച്ച് ഉയർത്തേണ്ടത് കേരള സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. പട്ടിക വിഭാഗം ജനതയുടെ തനത് കലാവതരണ, ഉത്പന്ന പ്രദർശന വിപണന മേളയായ ഗദ്ദിക- 2025ന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ട്രൈബൽ കോംപ്ലക്‌സിൽ നടന്ന യോഗത്തിൽ മേയർ അഡ്വ.എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ ഒ.ആർ.കേളു, പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ രക്ഷാധികാരികളായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മേയർ അഡ്വ. എം. അനിൽകുമാറാണ് സംഘാടക സമിതി ചെയർപേഴ്സൺ.