കിഴക്കമ്പലം: കിഴക്കമ്പലം ബസ് സ്റ്റാൻഡിനെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ച ബസ് സ്റ്റാൻഡ് ഇന്നലെ വീണ്ടും തുറന്നു. രാവിലെ കുന്നത്തുനാട് തഹസിൽദാർ ഇൻചാർജ്, കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി, കുന്നത്തുനാട് എസ്.എച്ച്.ഒ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബസ് സ്റ്റാൻഡ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം അതേ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുറന്നുനൽകുകയായിരുന്നു.
ബസ് സ്റ്റാൻഡിന്റെ നിർമ്മാണം തുടരുന്നതിനാൽ സ്റ്റാൻഡ് അടച്ചിടണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോടതിയിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൻഡ് തുറന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നിയമപോരാട്ടവും പ്രതിഷേധവും
ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് ട്വന്റി 20 പാർട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. അനിൽകുമാർ ഉൾപ്പെടെ 9 പേരെ പ്രതിയാക്കിയാണ് ഹർജി നൽകിയത്. 9 പേരും 22ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസും ലഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം സ്റ്റാൻഡ് തുറന്നുനൽകിയത് കോടതി അലക്ഷ്യമാണെന്ന് ട്വന്റി 20 നേതൃത്വം ആരോപിച്ചു. സി.പി.എം. നേതൃത്വത്തിന്റെ അപേക്ഷ പ്രകാരം ബസ് സ്റ്റാൻഡ് നിൽക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും ഇവിടെ ഒരു സർക്കാർ സ്‌കൂൾ പ്രവർത്തിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയങ്ങൾ 22ന് കോടതിയെ അറിയിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
പൊലീസിന്റെ സഹായത്തോടെ സി.ഐ.ടി.യു. ഗുണ്ടായിസം കാണിക്കുകയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ട പൊലീസ് അവർക്ക് ഒത്താശ ചെയ്യുകയാണ്. കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കും.
സാബു എം. ജേക്കബ്
സംസ്ഥാന പ്രസിഡന്റ്
ട്വന്റി 20 പാർട്ടി
അദ്ദേഹം വ്യക്തമാക്കി.