കളമശേരി: ഏലൂർ നഗരസഭയിലെ പാതാളത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾ , ബേക്കറി എന്നിവിടങ്ങളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചവർക്ക് ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചതായി പരാതി. ടൈഫോയിഡ് ബാധിച്ച് ഒമ്പതുപേർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ജൂലായ് 30, ആഗസ്റ്റ് ഒന്ന് തീയതികളിലാണ് ഇവർ അഡ്മിറ്റായത്. കഴിഞ്ഞ മാർച്ചിൽ 19പേർക്ക് ടൈഫോയ്ഡ് ബാധിച്ചതിനെത്തുടർന്നുള്ള പരിശോധനയിലും അന്വേഷണത്തിലുമാണ് വിവരങ്ങൾ പുറത്തുവന്നത്.

പാതാളത്തെ ബിസ്മി ബേക്കറി, കെ.ബി റെസ്റ്റോ കഫേ, കോയാസ് കിച്ചൻ എന്നിവ അടച്ചുപൂട്ടാൻ നഗരസഭ ആരോഗ്യവിഭാഗവും പൊതുജനാരോഗ്യ വിഭാഗവും ഇന്നലെ വൈകിട്ട് നോട്ടീസ് നൽകി.

ഒരാഴ്ചമുമ്പ് നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് താക്കീതും കർശന നിർദ്ദേശങ്ങളും നൽകിയിട്ടും ലംഘിച്ചതിനെത്തുടർന്നാണ് നടപടി.