mvpa-kuzhi

മൂവാറ്റുപുഴ: എം.സി. റോഡിൽ കച്ചേരിതാഴത്തിന് സമീപം വീണ്ടും രൂപപ്പെട്ട ഗർത്തം വലിയ അപകടഭീഷണി സൃഷ്ടിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര സ്ഥലപരിശോധന നടത്തി. മൂന്ന് വർഷം മുൻപും ഇതേ സ്ഥലത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. അന്ന് താത്കാലികമായി പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സമാനമായ സാഹചര്യമുണ്ടായതോടെ ശാശ്വത പരിഹാരം കണ്ടെത്താനാണ് അധികൃതരുടെ ശ്രമം.
മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ നിർദ്ദേശത്തെ തുടർന്ന് കെ.ആർ.എഫ്.ബി. സൂപ്രണ്ടിംഗ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ്, പി.ഡബ്ല്യു.ഡി. വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന പഴയ ഡ്രെയിനേജ് ഓടയുടെ മുകളിലെ കവർ സ്ലാബുകൾക്ക് സ്ഥാനചലനം സംഭവിച്ചതാണ് ഗർത്തം രൂപപ്പെടാൻ കാരണമെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഓടയുടെ മുകളിലെ മണ്ണും റോഡും ഇടിഞ്ഞ് പുഴയിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.
ഇടിഞ്ഞുപോയ ഭാഗം പൂർണമായും കുഴിച്ചുമാറ്റി ഓട വൃത്തിയാക്കി പുതിയ സ്ലാബുകൾ സ്ഥാപിക്കാനും ഗർത്തം അടച്ച് ക്യൂറിംഗ് കാലയളവിനു ശേഷം ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചു.
സ്ഥലപരിശോധനയ്ക്ക് എം.എൽ.എ.യോടൊപ്പം ആർ.ഡി.ഒ. പി.എ. അനി, കെ.ആർ.എഫ്.ബി. സൂപ്രണ്ടിംഗ് എൻജിനിയർ മഞ്ജുഷ, എക്‌സിക്യുട്ടീവ് എൻജിനിയർ ജയരാജ്, പി.ഡബ്ല്യു.ഡി. റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനിയർ ഷാമോൻ, കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ പോൾ തോമസ്, പി.ഡബ്ല്യു.ഡി. ബ്രിഡ്ജ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ സജിന എസ്.ജെ. തുടങ്ങിയവർ പങ്കെടുത്തു.