കൊച്ചി: ആലുവ സ്വദേശിയായ 43കാരൻ ശ്രീനാഥ് ബി. നായർക്കിത് രണ്ടാം ജന്മം. ഈ പുതുജീവിതം സമ്മാനിച്ചതാകട്ടെ സ്വന്തം സഹോദരിയും സഹോദരിയുടെ ഭർത്താവും. കരളും വൃക്കയും തകരാറിലായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രീനാഥിന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ആയിരുന്നു ചികിത്സ. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനായി ഇളയ സഹോദരി ശ്രീദേവി വൃക്ക ദാനം ചെയ്യാൻ തയ്യാറായി. കരൾ പകുത്തു നൽകാൻ ശ്രീദേവിയുടെ ഭർത്താവായ വിപിനും തയ്യാറായി.
ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ആസ്റ്റർ മെഡ്സിറ്റിയിൽ നടത്തിയ പരിശോധനയിലാണ് ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഡയാലിസിസ് ആരംഭിച്ചു. പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്‌സി അസാദ്ധ്യമായിരുന്നു. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലേക്കെത്തുകയും ചെയ്തു. ഇരട്ട ദാതാക്കളെ കണ്ടെത്തുക ശ്രീനാഥിനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും വെല്ലുവിളിയായപ്പോഴാണ് ശ്രീദേവി തന്റെ വൃക്ക നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പിന്നാലെ ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ അളിയന് പകുത്ത് നൽകാൻ തയ്യാറായി.
സ്വകാര്യ സ്വർണ വ്യാപാര സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരാണ് വിപിൻ. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും മൂലം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവച്ചതിനു ശേഷമാണ് മൂന്നാം വട്ടം പൂർത്തിയാക്കാനായത്. ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടന്റ് ഡോ.വി. നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.