കൊച്ചി: കുറ്റന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും സ്വതന്ത്രമായി നിയമം നടപ്പിലാക്കാനും പൊലീസിന് കഴിയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി സിറ്റി പൊലീസിന്റെ എറണാകുളം നോർത്തിലെ പുതിയ ക്വാർട്ടേഴ്‌സ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കളമശേരിയിൽ എറണാകുളം ക്രൈംബ്രാഞ്ചിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെയും ഫോർട്ടുകൊച്ചിയിൽ കോസ്റ്റൽ പൊലീസിനായി നിർമ്മിച്ച ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും കേരള പൊലീസ് ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേനയിലേക്ക് ഉയർന്ന വിദ്യാഭ്യാസമുള്ളവർ കടന്നുവരുന്നു. ഇത് പൊലീസിന്റെ കാര്യക്ഷമത ഉയർത്തി. കൂടുതൽ മെച്ചപ്പെട്ട നിലയിൽ പൊലീസ് പ്രവൃത്തിക്കുന്നു. സൈബർ തട്ടിപ്പുകളെ ഫലപ്രദമായി തടയാൻ പൊലീസിന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശേരിയിലെ ചടങ്ങിൽ ക്രൈംബ്രാഞ്ച് ഐ.ജി ജി. സ്പർജൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോർട്ട്‌കൊച്ചിയിൽ കെ.ജെ മാക്‌സി എം.എൽ.എ മുഖ്യാതിഥിയായി. കോസ്റ്റൽ ഐ.ജി. എ. അക്ബർ, കോസ്റ്റൽ എ.ഐ.ജി പദം സിംഗ് എന്നിവർ സംസാരിച്ചു. നോർത്ത് പൊലീസ് സ്‌റ്റേഷന് സമീപം നടന്ന പരിപാടിയിൽ ടി.ജെ വിനോദ് എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ പുട്ടവിമലാദിത്യ, ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പടി മഹേഷ്, എ.സി.പിമാരായ സിബി ടോം, പി.എസ്. ഷിജു എന്നിവർ സംസാരിച്ചു.