കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രസവത്തോട് അനുബന്ധിച്ച് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രോഗിക്ക് അണുബാധയുണ്ടായെന്ന പരാതി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മിഷൻ. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരെ കക്ഷിചേർക്കാനും കമ്മിഷൻ തീരുമാനിച്ചു. സെപ്തംബർ ഒന്നിന് രാവിലെ 10ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അമലപുരം അയ്യമ്പുഴ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് താലൂക്ക് ആശുപത്രിയിൽനിന്ന് അണുബാധ പിടിപെട്ടെന്നാണ് പരാതി. അർഹമായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി ജീവനക്കാരിൽനിന്ന് മോശമായ അനുഭവമുണ്ടായെന്നും പരാതിയിലുണ്ട്.