കൊച്ചി: വീടുവിട്ടിറങ്ങിയ 13കാരനെ കണ്ടെത്താൻ പൊലീസിനെ തുണച്ചത് സ്കൂൾയൂണിഫോം. വിദ്യാർത്ഥിയെ വൈകിട്ട് മൂന്നരയോടെയാണ് കാണാതായത്. സ്കൂൾ വിട്ട് മടങ്ങിയെത്താത്തതിനാൽ വീട്ടുകാർ പൊലീസിൽ അറിയിച്ചു. മകൻ ലുലുമാളിൽ പോകാൻ സാദ്ധ്യതയുണ്ടെന്ന് പിതാവാണ് സൂചന നൽകിയത്. തൃപ്പൂണിത്തുറ ഭാഗത്തെ മെട്രൊ സ്റ്റേഷനുകളിലെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ വടക്കേക്കോട്ടയിൽനിന്ന് യൂണിഫോം ധരിച്ച കുട്ടി ട്രെയിനിൽ കയറുന്നതായി പൊലീസ് കണ്ടെത്തി. കൂടുതൽ പരിശോധനയിൽ ഇടപ്പള്ളിയിലേക്കാണ് ടിക്കറ്റെടുത്തതെന്നും സ്ഥിരീകരിച്ചു.
കൊച്ചി മെട്രോ എസ്.എച്ച്.ഒ രാജേഷ്, എസ്.ഐമാരായ ജബ്ബാർ, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഇടപ്പള്ളി മെട്രോസ്റ്റേഷനിലും മാളിലും നടത്തിയ തെരച്ചിലിൽ വീണ്ടും തുണയായത് കുട്ടിയുടെ യൂണിഫോമായിരുന്നു. വൈകിട്ട് 5.45ഓടെ ലുലുമാളിൽനിന്ന് കുട്ടിയെ കണ്ടെത്തിയപ്പോൾ എല്ലാവർക്കും ആശ്വാസമായി. പിതാവും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി. എ.എസ്.ഐമാരായ ജാഫറും മഹേഷുമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.