കൊച്ചി: ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടി ഹന്ന എലിസബത്ത് സിയോ. കേരളത്തിന് അഭിമാനമായ കായികതാരം കൊച്ചിയിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെയാണ് മെഡൽ വേട്ട. അഹമ്മദാബാദിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് കേരളത്തെ പ്രതിനിധീകരിച്ചത്. 1500 മീറ്റർ, 800 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനങ്ങളിലും 4x200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിലും വെള്ളിയും 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ വെങ്കലവും നേടി. ഏഴാം വയസിൽ നീന്തൽ പരിശീലനം തുടങ്ങിയ ഹന്ന, സംസ്ഥാനത്തെ യുവ നീന്തൽ താരങ്ങളിൽ മുൻനിരയിലാണ്. സി.ബി.എസ്.ഇ. നാഷണൽ ചാമ്പ്യൻഷിപ്പിലും എസ്.ജി.എഫ്.ഐ. നാഷണൽ ചാമ്പ്യൻഷിപ്പിലും മെഡലുകൾ നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലും റെക്കാഡ് നേട്ടം കൈവരിച്ചു.