കോതമംഗലം: ആദിവാസി വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ഇടമലയാർ ഗവ. യു.പി.സ്‌കൂളിന് ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. കുരങ്ങ് ഉൾപ്പടെയുള്ള ജീവികൾ സ്‌കൂൾ കോമ്പൗണ്ടിൽ കടക്കുന്നത് തടയുകയാണ് ലക്ഷ്യം. നേരത്തെ കാട്ടാനകളെ തടയുന്നതിന് ചുറ്റുമതിൽ നിർമ്മിച്ചതും ബ്ലോക്ക് പഞ്ചായത്താണ്. ഫെൻസിംഗ്, ഓപ്പൺ സ്റ്റേജ്, കിച്ചൺ എന്നിവയ്ക്കായി 28 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രസിഡന്റ് പി.എ.എം.ബഷീർ നിർമ്മാണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഡയാന നോബി, ജോമി തെക്കേക്കര, സാലി ഐപ്പ്, ജയിംസ് കോറമ്പേൽ, നിസാമോൾ ഇസ്മായിൽ, ബിൻസി മോഹൻ, രാജു രാമൻ, തോമസ് ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.