പറവൂർ: കേരള സംഗീതനാടക അക്കാഡമിയുടെ നേതൃത്വത്തിൽ കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്ക‌ാരികവേദി, ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രം, ജില്ലാ കേന്ദ്ര കലാസമിതി എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന കഥാപ്രസംഗ മഹോത്സവം സംസ്ഥാന മദ്ധ്യമേഖലാ ശില്പശാല 'കഥാകാലം" ഇന്ന് മുതൽ 17 വരെ കരിമ്പാടം ഡി.ഡി. സഭാ ഹൈസ്കൂളിൽ നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് കെടാമംഗലം സദാനന്ദന്റെ വസതിയിൽ നിന്ന് കെടാമംഗലം സദാനന്ദൻ ജന്മശതാബ്ദി സ്മൃതിയാത്ര നടത്തും. വൈകിട്ട് നാലിന് പറവൂർ ടാക്സി സ്‌റ്റാൻഡിൽ കാഥികൻ പറവൂർ സുകുമാരന്റെ ഛായാചിത്ര സമർപ്പണവും 5.30ന് വടക്കുംപുറം കേളപ്പനാശാൻ നഗറിൽ സമാപന സമ്മേളനവും നടക്കും. നാളെ രാവിലെ 10.30ന് മുൻ മന്ത്രി എസ്. ശർമ്മ ശില്പശാല ഉദ്ഘാടനം ചെയ്യും. 5.30ന് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനാകും. 17ന് വൈകിട്ട് മൂന്നിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷനും നടൻ ഗിന്നസ് പക്രു മുഖ്യാതിഥിയുമാകും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് 15നും 35നും ഇടയിൽ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഗീതനാടക അക്കാഡമി നിർവാഹക സമിതിഅംഗം സഹീർ അലി, സ്വാഗതസംഘം ഭാരവാഹികളായ സൂരജ് സത്യൻ, വിനോദ്കുമാർ കൈതാരം, കെ.കെ. സതീശൻ എന്നിവർ പറഞ്ഞു.