കൊച്ചി: കടമക്കുടിയുടെ സമഗ്ര ടൂറിസം വികസനം സാദ്ധ്യമാക്കുന്ന പദ്ധതിക്ക് ഈമാസം തന്നെ ഭരണാനുമതി നൽകുമെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ രൂപരേഖ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കടമക്കുടി ദ്വീപ് സമൂഹത്തിന്റെ ടൂറിസം സാദ്ധ്യത ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'കടമക്കുടി വാലി ഒഫ് ഹെവൻ' സെമിനാർ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സുസ്ഥിര കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കേണ്ട പ്രദേശമാണ് കടമക്കുടി. ജലാശയങ്ങൾ സംരക്ഷിക്കപ്പെടണം. തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും യോജിപ്പോടെ കടമക്കുടിയെ ആസൂത്രിത കേന്ദ്രമായി മാറ്റണം.

വ്യവസായി ആനന്ദ് മഹീന്ദ്രയെ ആകർഷിച്ച സൗന്ദര്യമാണ് കടമക്കുടിയുടേത്. കേരള ടൂറിസത്തിന് വലിയ അംഗീകാരവും കടമക്കുടിക്ക് വലിയൊരു പരസ്യവുമാണ്. സഞ്ചാരികളെ ഉൾക്കൊള്ളാൻ സാധിക്കണം. നല്ല സൗകര്യങ്ങൾക്കൊപ്പം വൃത്തിയായി സൂക്ഷിക്കുകയും വേണം. എങ്കിലേ വരുംനാളുകളിലും സഞ്ചാരികൾ എത്തുകയുള്ളൂ. ചെറിയ കടകൾമുതൽ എല്ലാ വികസനവും ആസൂത്രിതമാകണമെന്ന് മന്ത്രി പറഞ്ഞു.

കടമക്കുടിക്ക് സമഗ്രമായ ടൂറിസം പദ്ധതി തയ്യാറാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കടമക്കുടിയുടെയും വൈപ്പിൻ മണ്ഡലത്തിന്റെയും സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. 25ന് ഭൂവുടമകൾ, റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ, ജലകേളികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരുടെ യോഗം വിളിക്കും. കടമക്കുടി -ചാത്തനാട് പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 30ന് പിണറായി വിജയൻ നിർവഹിക്കുമെന്നും എം.എൽ.എ പറഞ്ഞു.

സെമിനാറിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യാതിഥിയായി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, ജിഡ സെക്രട്ടറി രഘുരാമൻ എന്നിവർ സംസാരിച്ചു.