ആലുവ: രാജ്യത്ത് ആദ്യമായി ബാങ്ക് എ.ടി.എം കൗണ്ടർ മാതൃകയിൽ ജൈവമാലിന്യ സംസ്കരണ ബൂത്ത് നിർമ്മിച്ചിട്ടും ഉദ്ഘാടനം വൈകുന്നു. ആലുവ ടൗൺഹാളിന് മുമ്പിലാണ് സ്വകാര്യ സ്ഥാപനം 20 ലക്ഷം രൂപ മുടക്കി മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തിയത്. ജൂലായ് ആദ്യവാരത്തോടെ നിർമ്മാണം പൂർത്തിയായെങ്കിലും ഇതുവരെ ഉദ്ഘാടനം സംബന്ധിച്ച് നഗരസഭ തീരുമാനമെടുത്തിട്ടില്ല.
മന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് വിശദീകരണം. എന്നാൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിനോടടുപ്പിച്ച് ഉദ്ഘാടനം നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് പുറത്തുവന്ന വിവരം. ഒന്നര വർഷം മുമ്പ് പരീക്ഷണാർത്ഥം നഗരസഭാ കാര്യാലയത്തിൽ പദ്ധതി നടപ്പാക്കിയപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് ഉദ്ഘാടനം ചെയ്തത്. അതിനാൽ ടൗൺഹാളിന് മുമ്പിലെ ബൂത്ത് ജില്ലയിൽ നിന്നുള്ള മന്ത്രി പി. രാജീവിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചാലും മതിയാകും.
എടയാർ റോബോബിൻ എൻവിറോ ടെക് ആണ് നഗരസഭക്ക് പണചെലവില്ലാതെ പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല വരുമാനത്തിന്റെ 30 ശതമാനം നഗരസഭയ്ക്ക് ലഭിക്കുകയും ചെയ്യും. സ്വകാര്യ ബസ് സ്റ്റാൻഡ്, തോട്ടക്കാട്ടുകര മാർക്കറ്റ് എന്നിവിടങ്ങളിലും ബൂത്തുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ഒരു കിലോ ജൈവമാലിന്യം നിക്ഷേപിക്കുന്നതിന് ഏഴ് രൂപയാണ് നിരക്ക്. ദിവസം ഏഴ് ടൺ മാലിന്യം വരെ നിക്ഷേപിക്കാം.
മാലിന്യ സംസ്കരണത്തിന് ശേഷം ലഭിക്കുന്ന ബയോഗ്യാസ് ബി.പി.സി.എല്ലിനും എണ്ണയുടെ അംശം അടങ്ങിയവ ബയോ ഡീസൽ ആക്കുന്നതിന് എടയാറിലെ സ്വകാര്യ ഏജൻസിക്കും കൈമാറും. വളവും എടയാറിലെ കമ്പനിക്ക് നൽകും.
ഉദ്ഘാടനം വൈകുന്നത് നഷ്ടം
മാലിന്യ സംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം വൈകുന്നത് സാമ്പത്തിക നഷ്ടം വരുത്തുന്നതായി എടയാർ റോബോബിൻ എൻവിറോ ടെക് പ്രതിനിധികൾ പറയുന്നു. ജൂലായ് മാസത്തിൽ ഉദ്ഘാടനം നടക്കുമെന്ന ധാരണയിൽ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ വിവരം അറിയിച്ചിരുന്നു. അതനുസരിച്ച് മാലിന്യം നൽകുന്നതിന് സന്നദ്ധമായവർ നിരന്തരം വിളിക്കുകയാണ്. വൈകുന്തോറും നഷ്ടമുണ്ടാകും. മറ്റ് സ്ഥലങ്ങളിൽ സംവിധാനം ഒരുക്കുന്നതും വൈകും.