പറവൂർ: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതി കൂടുതൽ ജനകീയമാകുകയും വരുമാനം വർദ്ധിക്കുകയും ചെയ്തതോടെ പറവൂർ ഡിപ്പോക്ക് പുതിയ രണ്ട് ബസുകൾ അനുവദിച്ചു. പുതുതായി വാങ്ങുന്ന ബസുകളിൽ രണ്ടെണ്ണമാണ് പറവൂരിൽ ലഭിക്കുക. ഈമാസം അവസാനത്തോടെ ബസുകൾ എത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ ബസുകളുടെ കാലപ്പഴക്കം മൂലം യാത്ര സുഖകരമല്ലെന്ന് പരാതി ഉണ്ടായതിനെ തുടർന്ന് മന്ത്രി ഗണേശ് കുമാറിന് പ്രതിപക്ഷനേതാവ് കത്ത് നൽകിയിരുന്നു. ഒന്നര വർഷം മുമ്പ് ആരംഭിച്ച ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ആദ്യഘട്ടത്തിൽ യാത്രക്കാർ കുറവായിരുന്നു. ഡിപ്പോയിലെ സന്ദീപ്, ഷെഫീക്ക് എന്നീ ജീവനക്കാരുടെ സൗഹൃദപരമായ ഇടപെടലുകൾ കൊണ്ട് വിനോദയാത്രക്കായി കൂടുൽ യാത്രക്കാർ എത്തുകയും പദ്ധതി ജനകീയമാകുകയും ചെയ്തു. ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ പറവൂർ ഡിപ്പോയിൽ നിന്ന് 66 ട്രിപ്പുകൾ നടത്തി. 27.85 ലക്ഷം രൂപ വരുമാനം ലഭിച്ചു. ചതുരംഗപാറ, വട്ടവട, വാഗമൺ, മറയൂർ, രാമക്കൽമേട്, മാമലക്കണ്ടം, മലക്കപ്പാറ, സൈലന്റ് വാലി എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കാണ് പറവൂരിൽ നിന്ന് ബഡ്ജറ്റ് ടൂറിസം ട്രിപ്പുകളുള്ളത്. പുലർച്ചെ അഞ്ച് യാത്രതിരിച്ച് രാത്രി 12 മണിയോടെ തിരിച്ചെത്തും. മറയൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് മൂന്ന് നേരത്തെ ഭക്ഷണവും ട്രെക്കിംഗും ഉൾപ്പെടെ 1420, 1840 രൂപയാണ്. ഭക്ഷണമില്ലാത്ത മറ്റു ട്രിപ്പുകൾക്ക് 620, 640,730, 780, 840, 880 എന്നിവയാണ് നിരക്ക്. ബുക്കിംഗിന് ഫോൺ. 93882 23707.