കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡിൽ കാരണക്കോടം ജംഗ്ഷനിലെ ടാറിംഗ് തകർന്ന് തരിപ്പണമായി. കാരണക്കോടം ജംഗ്ഷനിൽനിന്ന് സ്‌റ്റേഡിയം ലിങ്ക് റോഡിലേക്ക് കയറുന്നിടത്താണ് ടാറിംഗ് പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്ത് നിന്നുൾപ്പടെ വൈറ്റില ബൈപ്പാസിലേക്ക് കയറുന്നതിനുള്ള എളുപ്പവഴിയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
റോഡ് തകർന്നതോടെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തമ്മനത്തുനിന്ന് വരുന്നവർക്ക് സ്റ്റേഡിയം ലിങ്ക് റോഡിലേക്ക് പ്രവേശിക്കാനുള്ള യുടേണും ഇവിടെത്തന്നെയാണ്. യുടേൺ എടുക്കുന്ന ഭാഗത്തും വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇതോടെ സ്‌റ്റേഡിയം ലിങ്ക് റോഡിലേക്ക് തിരിയുന്ന ഭാഗത്തും തമ്മനത്തേക്കുള്ള വഴിയിലുമെല്ലാം കുരുക്കോടുകുരുക്കാണ്. സ്റ്റേഡിയം ലിങ്ക് റോഡ് രണ്ടാഴ്ചമുമ്പ് താത്കാലിക ടാറിംഗ് നടത്തിയെങ്കിലും അന്ന് കാരണക്കോടം ജംഗ്ഷൻ ഒഴിവാക്കി. ഇവിടം ടാർചെയ്യണമെന്ന് അന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. മഴ കഴിയുന്നതോടെ സ്‌റ്റേഡിയം ലിങ്ക് റോഡ് ഭാഗം ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുമെന്നും ആ സമയത്ത് കാരണക്കോടം ജംഗ്ഷനും നവീകരിക്കുമെന്നായിരുന്നു ജന പ്രതിനിധികളുടെ വാഗ്ദാനം.
മഴ കുറയാതായതോടെ ബി.എം.ബി.സി ടാറിംഗ് നീണ്ടു. കാരണക്കോടം ജംഗ്ഷനിലെ കുഴികൾ വലിയ ഗർത്തങ്ങളായും മാറി.
ബി.എം.ബി.സി ടാറിംഗ്
സ്റ്റേഡിയം ലിങ്ക്‌റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, കാരണക്കോടം ജംഗ്ഷൻ സി.എസ്.എം.എല്ലുമായി ചേർന്നാണ് ബി.എം.ബി.സി ടാറിംഗ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് തുടങ്ങുമെന്ന് അധികൃതർക്ക് പറയാനാകുന്നില്ല.