കോതമംഗലം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനെ തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസം തടഞ്ഞുവച്ച താലൂക്ക് സപ്ലൈ ഓഫിസർ ഷിജു കെ. തങ്കച്ചനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഷിജു ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായും വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതായും സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.
തിങ്കളാഴ്ച നെല്ലിക്കുഴി ഇരമല്ലൂരിലെ റേഷൻകട സസ്പെൻഡ് ചെയ്യാനെത്തിയ ഷിജു മദ്യപിച്ചിട്ടുള്ളതായി നാട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി മദ്യപിച്ചതായി സ്ഥിരീകരിച്ചു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
പ്രവർത്തനസമയം ലംഘിച്ചെന്ന് ആരോപിച്ചാണ് റേഷൻകടയ്‌ക്കെതിരെ ഷിജു കെ. തങ്കച്ചൻ നടപടിയെടുത്തത്. റേഷൻകടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
അതേസമയം, സപ്ലൈ ഓഫീസറെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സപ്ലൈ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ഇരമല്ലൂരിലെ റേഷൻകടയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ധർണ്ണ ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. മാജോ മാത്യു, എം.എം. രവി, എം.എസ്. സോമൻ, ബിജി മാത്യു എന്നിവർ പ്രസംഗിച്ചു.