മട്ടാഞ്ചേരി: ചുങ്ക വർദ്ധന കേരളത്തിലെ മത്സ്യബന്ധന സംസ്കരണ മേഖലയെ പൂർണമായി തകർക്കുന്ന സാഹചര്യത്തിൽ സംരക്ഷണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. മത്സ്യ ഉത്പാദന മേഖലയ്ക്ക് നൽകുന്ന ചെറുതെങ്കിലും ആയ സാമ്പത്തിക സംരക്ഷണ നടപടികൾ സംസ്കരണ മേഖലയ്ക്കും ലഭ്യമാക്കണമെന്ന് ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി തുടങ്ങിയവരെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കും. ഓഗസ്റ്റ് 24ന് ചന്തിരൂർ പാലസിൽ വിപുലമായ ബഹുജന കൺവെൻഷൻ നടത്താനും കൊച്ചിയിലെ എം.പി.ഇ.ഡി.എ ആസ്ഥാനത്തിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ പള്ളുരുത്തി സുബൈർ അദ്ധ്യക്ഷനായി. ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് വിഷയം അവതരിപ്പിച്ചു. ടി.എം. ഇബ്രാഹിം, എ.എ. ഷൗക്കത്ത്, കെ.എം. സുലൈമാൻ, സി.കെ. രാജേന്ദ്രൻ (ഐ.എൻ.ടിയു.സി), പ്രദീപ്, പി.കെ. സാബു ( സി.ഐ.ടി.യു), എം.കെ. മോഹനൻ (എ.ഐ.ടി.യു.സി), ബിനീഷ് ബോയ് (ബി.എം.എസ് ), കെ.വി. ഉദയഭാനു (ടി.യു.സി.ഐ) തുടങ്ങിയവർ സംസാരിച്ചു. തുടർനടപടികൾക്കായി മത്സ്യമേഖല സംരക്ഷണ സമിതിക്ക് രൂപം നൽകി. ഭാരവാഹികളായി ദലീമ ജോജോ എം.എൽ.എ, ജെ.ആർ. അജിത്, അഷ്റഫ് പുല്ലുവേലി, സി.ബി. ചന്ദ്രബാബു (രക്ഷാധികാരികൾ), പള്ളുരുത്തി സുബൈർ (ചെയർമാൻ), ചാൾസ് ജോർജ് (ജനറൽ കൺവീനർ), അസീസ് പായിക്കാട്, ബിനീഷ് ബോയ്, എം.കെ. മോഹനൻ, കെ.വി. ഉദയഭാനു(വൈസ് ചെയർമാന്മാർ), ടി.എം. ഇബ്രാഹിം, എ.എ. ഷൗക്കത്ത്, സി.കെ. രാജേന്ദ്രൻ (കൺവീനർമാർ), കെ.എം. സുലൈമാൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.